ആശങ്കയുടെ മുള്‍മുനയില്‍ ഇന്ത്യ; കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 300 ആയി, 9000ലധികം പേര്‍ക്ക് രോഗബാധ, മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടേയും വൈറസ് ബാധിതരുടേയും എണ്ണം ഉയരുന്നു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 9000 കടന്നു. പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ ആശങ്കയിലായിരിക്കുകയാണ് രാജ്യം.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 217 പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ മാത്രം 16 മരണമാണ് സ്ഥിരീകരിച്ചത്.

കൊറോണ ബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് 1982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി.

നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ച് പേരാണ് ജല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 85 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 1154 ആയി. ഡോക്ടര്‍മാരും നഴ്‌സുമാരടക്കം രാജ്യത്ത് 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

ഗുജറാത്തില്‍ 23 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. ബീഹാര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 29ന് രാജ്യത്ത് 979 കൊറോണ കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 9000 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Exit mobile version