വീട്ടിലിരുന്ന് ബോറടിച്ചു, സുഹൃത്തിനെ ട്രോളി ബാഗിനുള്ളിലാക്കി കൊണ്ടുവരാന്‍ ശ്രമം, ഒന്നൊന്നര പദ്ധതി പൊളിച്ചടുക്കി വാച്ച്മാന്‍

മംഗളൂരു: ലോക്ക് ഡൗണിനെ തുടര്‍ന്ന് ബോറടിച്ച ആത്മസുഹൃത്തിനെ ട്രോളിബാഗിലാക്കി വീട്ടിലെത്തിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മംഗളൂരുവിലാണ് സംഭവം. വാച്ച്മാന്‍ പിടിച്ചതോടെ പദ്ധതി പൊളിയുകയും ഒടുവില്‍ യുവാക്കള്‍ പോലീസ് പിടിയിലാവുകയും ചെയ്തു.

ലോക്ക് ഡൗണായതിനാല്‍ ബല്‍മട്ട ആര്യസമാജം റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയതായിരുന്നു യുവാവ്. അപ്പാര്‍ട്ട്‌മെന്റിലേക്ക് പുറത്തുനിന്നുള്ള ആരെയും കടത്തിവിട്ടിരുന്നില്ല. ഈ കൗമാരക്കാരന്റെ കൂട്ടുകാരെയും വാച്ച്മാന്‍ അപ്പാര്‍ട്ട്‌മെന്റ് കവാടത്തില്‍ പലതവണ തടഞ്ഞിരുന്നു.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തുപോകാന്‍ കഴിയാതെ ഇതിനുള്ളില്‍ കുടുങ്ങിയ യുവാവിന്‌ കളിയും തമാശയും പുറത്തെ കറക്കവുമൊന്നുമില്ലാതെ ബോറടിച്ചു. തുടര്‍ന്നാണ് പാണ്ഡേശ്വരത്തുള്ള കൂട്ടുകാരനെ എങ്ങനെയെങ്കിലും അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

തലപുകഞ്ഞാലോചിച്ചപ്പോള്‍ തെളിഞ്ഞ ഉപായമാണ് വീട്ടിലെ വലിയ ട്രോളിബാഗില്‍ ഒളിപ്പിച്ച് എത്തിക്കുകയെന്നത്. അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് ട്രോളിബാഗുമായി വീട്ടില്‍നിന്ന് പുറത്തിറങ്ങി. അപ്പാര്‍ട്ട്‌മെന്റിനരികിലെത്തിയ സുഹൃത്തിനെ ബാഗിനുള്ളിലാക്കി സിബ്ബടച്ച് പ്രധാന ഗേറ്റുവഴി വാച്ച്മാന്റെ മുന്നിലൂടെ കൂളായി ഉരുട്ടി കൊണ്ടുവന്നു.

ലിഫ്റ്റിനടുത്തെത്തിയപ്പോഴേക്കും ബാഗിനുള്ളിലെ സുഹൃത്തിന് അസ്വസ്ഥതയുണ്ടായി. ലിഫ്റ്റ് എത്താന്‍ താമസിക്കുകയും ചെയ്തതോടെ സംഗതി പാളി. ബാഗിനുള്ളില്‍നിന്ന് സുഹൃത്ത് ഇളകാന്‍ തുടങ്ങി. ഇതുകണ്ട അടുത്തുള്ളവര്‍ അമ്പരന്ന് നിലവിളിച്ചു. വാച്ച്മാനും ഓടിയെത്തി.

സംശയം തോന്നിയ താമസക്കാരും കാവല്‍ക്കാരനും ചേര്‍ന്ന് ബാഗ് തുറന്നപ്പോള്‍ അകത്ത് പതിനേഴുകാരന്‍ ചുരുണ്ടിരിക്കുന്നു. എല്ലാവരും കാഴ്ചകണ്ട് ഞെട്ടി. ഇതോടെ പദ്ധതിയും പൊളിഞ്ഞു. ഉടനെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരെയും കൈമാറി.

മാതാപിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിച്ച ഇവരെ പോലീസ് താക്കീതു ചെയ്തു. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിന് കേസ് രജിസ്റ്റര്‍ചെയ്തശേഷമാണ് ഇരുവരെയും വിട്ടയച്ചത്. സംഭവം ഫ്‌ളാറ്റിലുള്ളവരെയൊന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.

Exit mobile version