കൊവിഡ് 19; മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

ആറ് ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം എത്ര ജീവനക്കാരെയാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. നാല് ജീവനക്കാരെ ഏപ്രില്‍ 8നും രണ്ട് ജീവനക്കാരെ കഴിഞ്ഞ ദിവസവുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ താജ്മഹല്‍ പാലസില്‍ താമസക്കാരില്ല. അത്യാവശ്യ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉള്ളത്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇതുവരെ 8356 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 256 പേരാണ് ഇതുവരെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. വരുന്ന മൂന്ന് നാലാഴ്ചകള്‍ രാജ്യത്തിന് വളരെ നിര്‍ണായകമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞത്.

Exit mobile version