നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ചു; കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ്, പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് മര്‍കസ് നിസാമുദ്ദീന്‍.

ഇയാളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തി മൂലം ദീന്‍പൂര്‍ ഗ്രാമത്തെ കണ്ടൈന്‍മെന്റ് ഏരിയയായി പ്രഖ്യാപിച്ചു എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇവിടം സീല്‍ ചെയ്യുകയും ജനങ്ങളോട് യാത്ര ചെയ്യരുതെന്ന് കര്‍ശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ മൂവരെയും അംബേദ്കര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അക്കാര്യം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇക്കാര്യം അധികൃതരില്‍ നിന്ന് മറച്ചു വച്ചു. പിന്നീട് കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും പരിശോധനയ്ക്ക് വിധേയനാകുകയും ചെയ്യുകയായിരുന്നു.

ആദ്യം രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും പിന്നീട് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

Exit mobile version