കൊവിഡ് 19; വൈറസ് ബാധമൂലം ഇന്‍ഡോറില്‍ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു

ഇന്‍ഡോര്‍: കൊവിഡ് 19 വൈറസ് ബാധമൂലം ഇന്‍ഡോറില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു. 65 വയസുള്ള ആയുര്‍വേദ ഡോക്ടറാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ഇന്‍ഡോറില്‍ വൈറസ് ബാധമൂലം മരിച്ച ഡോക്ടര്‍മാരുടെ എണ്ണം രണ്ടായി. അതേസമയം വൈറസ് ബാധമൂലം മരിച്ച ആയുര്‍വേദ ഡോക്ടര്‍ കൊവിഡ് രോഗികളെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ 27 പേരാണ് വൈറസ് ബാധമൂലം ഇന്‍ഡോറില്‍ മരിച്ചത്. 235 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചത് നാല്‍പത് പേരാണ്. ഇതോടെ വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 800 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7447 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1574. തമിഴ്‌നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ട് പിന്നില്‍.

വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. അതേസമയം രാജ്യത്തെ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട തീരുമാനം പ്രധാനമന്ത്രി തിങ്കളാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുക എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിലുള്ളത്.

Exit mobile version