കൊവിഡ് 19; രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിവേഗമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിവേഗമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ വൈറസ് ബാധിതരില്‍ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1300 കടന്നു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 വൈറസിന്റെ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഒരു കൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് സാമൂഹിക വ്യാപനമല്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രോഗം വ്യാപിക്കുമ്പോഴാണ് സമൂഹവ്യാപനത്തിലേക്ക് കടക്കുന്നത്. എന്നാല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെയെല്ലാം സമ്പര്‍ക്ക ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പഞ്ചാബില്‍ സാമൂഹിക വ്യാപനം നടന്നുവെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറയുന്നത്. വൈറസ് ബാധയുണ്ടായതിന്റെ കൃത്യമായ ഉറവിടം ലഭിക്കാത്ത 27 കേസുകളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ വിദേശയാത്ര നടത്തിയവരോ, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുമായി അടുത്തിടപഴകിയവരോ അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പഞ്ചാബില്‍ സമൂഹ വ്യാപനം നടന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും രാജ്യത്ത് എവിടെയും സമൂഹവ്യാപനമോ അതിനുള്ള സാധ്യതയോ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

Exit mobile version