ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി; ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി പോലീസ്

ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി ഹിമാചല്‍ പോലീസ്. സ്വകാര്യ വാഹനത്തില്‍ ബാങ്കില്‍ പോയി മടങ്ങുമ്പോഴാണ് റിഷി ധവാനെ പോലീസ് തടഞ്ഞ് പിഴ ചുമത്തിയത്. 500 രൂപയാണ് താരത്തില്‍ നിന്നും ഈടാക്കിയത്.

അവശ്യസാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുള്ള പത്ത് മണി മുതല്‍ ഒരു മണി വരെയുള്ള സമയത്ത് തന്നെയാണ് റിഷി ധവാന്‍ ബാങ്കിലേക്ക് പോയത്. എന്നാല്‍ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോള്‍ കൈയില്‍ കരുതേണ്ട പാസ് ഇല്ലാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്.

കഴിഞ്ഞ മാര്‍ച്ച് 30ന് റിഷി ധവാന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത്.

Exit mobile version