ലോക്ക് ഡൗൺ ചൊവ്വാഴ്ച അവസാനിക്കുമോ? വീണ്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും; പ്രത്യേക ഇളവുകൾക്ക് സാധ്യത

ന്യൂഡൽഹി: കൊവിഡ് വൈറസ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നെന്ന് പോലും സംശയിക്കുന്ന ഘട്ടത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുകയാണ്. ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ രാജ്യം ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്ന് ജനങ്ങളും സംസ്ഥാന സർക്കാരുകളും ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസെബോധന ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

അന്തിമ തീരുമാനത്തിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം നാളെ വീഡിയോ കോൺഫറൻസ് വഴി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ലോക്ക് ഡൗൺ ഏപ്രിൽ 14 ന് പിൻവലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനത്തെ കുറിച്ച് ഇതുവരെ അറിയിപ്പുകൾ ലഭിച്ചിട്ടില്ല. ലോക്ക് ഡൗൺ നീട്ടാൻ സാധ്യതയുണ്ടെങ്കിലും ഇത്തവണ നിരവധി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അവശ്യ സേവനങ്ങൾക്ക് വേണ്ടിയല്ലാത്ത അന്തർസംസ്ഥാന യാത്രകൾ നിയന്ത്രിതമാക്കും. സ്‌കൂളുകളും കോളേജുകളും മതസ്ഥാപനങ്ങളും തുടർന്നും അടച്ചിടാൻ സാധ്യതയുണ്ട്. നീണ്ടുനിൽക്കുന്ന ലോക്ഡൗൺ ഉണ്ടാക്കാൻ സാധ്യതയുള്ള വൻ സാമ്പത്തിക തകർച്ച കണക്കിലെടുത്ത് ചില മേഖലകളിൽ പ്രത്യേക ഇളവ് അനുവദിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനുള്ള സാധ്യതകൾ കുത്തനെ മാറ്റിമറിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ധനനയ റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് വ്യോമയാന മേഖലയാണ്. പ്രവർത്തനം പുനരാരംഭിക്കാൻ ക്രമേണ വിമാനക്കമ്പനികളെ അനുവദിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ എല്ലാ ക്ലാസുകളിലും മിഡിൽ സീറ്റ് ഒഴിച്ചിടൽപോലുള്ള രീതികൾ സ്വീകരിച്ചേക്കാമെന്നും സൂചനയുണ്ട്.

Exit mobile version