കൊവിഡ് 19; ഡല്‍ഹിയില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി മഹാരാജ അഗ്രസന്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാജ അഗ്രസന്‍ ആശുപത്രിയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയും തമിഴ്‌നാടും കഴിഞ്ഞാല്‍ ഡല്‍ഹിയാണ് രോഗം അതിവേഗം പടരുന്ന മൂന്നാമത്തെ സംസ്ഥാനം.

അതേസമയം വൈറസ് വ്യാപനം തടയുന്നതിനായി ഡല്‍ഹിയിലെ 20 ഇടങ്ങള്‍ പൂര്‍ണമായി അടച്ചതിനുപിന്നാലെ നടപടികള്‍ ഊര്‍ജ്ജിതമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരിട്ടിരിക്കുന്ന പ്രതിരോധനടപടികള്‍ വഴി സാമൂഹികവ്യാപനം തടയാനാണ് പദ്ധതി. രോഗവ്യാപനത്തിന് സാധ്യതയുള്ള കൂടുതല്‍ മേഖലകളില്‍ സമാന നിയന്ത്രണം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്. കഴിഞ്ഞ ദിവസം മാത്രം 600 ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 6412 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതുവരെ 1364 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 97 പേരാണ് വൈറസ് ബാധമൂലം മഹാരാഷ്ട്രയില്‍ മരിച്ചത്.

Exit mobile version