കൊറോണ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന് ഡല്‍ഹിയിലെ മലയാളി നഴ്‌സുമാര്‍; ഇടപ്പെട്ട് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍.

കൊറോണ സ്ഥിരീകരിച്ചതിന് ശേഷം ചികിത്സ നല്‍കുകയോ യാതൊരു വിധത്തിലുമുള്ള സഹായങ്ങള്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നുമാണ് ഇവരുടെ പരാതി. ‘ആശുപത്രിയിലേക്ക് എത്തിച്ചേരുന്നതിന് ആംബുലന്‍സ് പോലും വിട്ടുനല്‍കിയില്ല. തുടര്‍ന്ന് മക്കളേയും കൂട്ടി സ്വകാര്യവാഹനത്തില്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടി. എട്ട്, നാല് വയസുള്ള മക്കളോടൊപ്പമാണ് ആശുപത്രിയില്‍ കഴിയുന്നത്’. നഴ്‌സുമാര്‍ പറയുന്നു.

കുട്ടികള്‍ക്ക് പരിശോധന നടത്തുന്നതിനോ ഇതുവരേയും അധികൃതര്‍ തയാറായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ആശുപത്രിയിലെ മറ്റൊരു സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചതോടെ സ്വന്തം നിലയിലാണ് പരിശോധന നടത്തിയതെന്നും ഇവര്‍ പറയുന്നു. മൂന്നാം തീയതി നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്നീട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുമുള്ള സഹായം ലഭിക്കുന്നില്ലെന്നാണ് നഴ്സിന്റെ പ്രധാന പരാതി.

നഴ്‌സുമാരുടെ ദുരിതം പുറത്തുവന്നതോടെ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപ്പെട്ടു. ഡല്‍ഹി സര്‍ക്കാരിനോട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഡല്‍ഹി സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും നഴ്സുമാരുടെ ചികിത്സ എത്രയും വേഗത്തില്‍ ഉറപ്പാക്കുമെന്നും, അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വീണ ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി.

Exit mobile version