ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് എയര്‍ടെല്ലിന്റെ കൈത്താങ്ങ്; നൂറ് കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: കൊവിഡ്-19 വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഭാരതി എന്റര്‍പ്രൈസിന്റെ കൈത്താങ്ങ്. ഭാരതി എന്റര്‍പ്രൈസസും ഉപ കമ്പനികളായ ഭാരതി എയര്‍ടെല്‍, ഭാരതി ഇന്‍ഫ്രാടെലും ചേര്‍ന്ന് 100 കോടി രൂപ സംഭാവന നല്‍കും. തുകയുടെ നിര്‍ണായക പങ്ക് അടിയന്തരമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആവശ്യ സേവന വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ട മാസ്‌ക്ക്, വ്യക്തിഗത സുരക്ഷാ വസ്ത്ര കിറ്റ്, മറ്റ് നിര്‍ണായക ഉപകരണങ്ങള്‍ എന്നിവ വാങ്ങി നല്‍കുന്നതിനായി ബാക്കി തുക ഉപയോഗിക്കും. നിലവില്‍ 10 ലക്ഷത്തിലധികം എന്‍-95 മാസ്‌ക്കുകള്‍ വാങ്ങിയിട്ടുണ്ട്. അടിയന്തരമായി ഇവ ലഭ്യമാക്കുമെന്നും ഭാരതി എന്റര്‍പ്രൈസ് വ്യക്തമാക്കി.

ഭാരതി എന്റര്‍പ്രൈസസിന്റെ 100 കോടി രൂപ കൂടാതെ ഭാരതിയിലെ ജീവനക്കാരും സംഭാവന നല്‍കുന്നുണ്ട്. ജീവനക്കാരില്‍ നിന്നും ശേഖരിക്കുന്ന തുകയും കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുമെന്നും ഭാരതി എന്റര്‍പ്രൈസ് പറഞ്ഞു.

Exit mobile version