കൊവിഡ് 19; അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയം രാവിലെ ആറ് മുതല്‍ ഒരുമണി വരെ, നിയന്ത്രണങ്ങള്‍ ശക്തമാക്കി തമിഴ്നാട്

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. ഇതോടെ ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയം രാവിലെ ആറ് മുതല്‍ ഒരുമണി വരെയായി നിജപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടത്.

സംസ്ഥാനത്ത് ഇതുവരെ 485 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 73 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ മരിച്ചത്. സംസ്ഥാനത്ത് വൈറസ് പടരുന്ന സാഹചര്യത്തെ ചില വിഭാഗങ്ങള്‍ സാമുദായിക നിറം നല്‍കുന്നതിനെതിരേ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധ ജാതി-മത വേര്‍തിരിവില്ലാതെ ആര്‍ക്ക് വേണമെങ്കിലും പിടിപെടാമെന്നും രോഗം സ്ഥിരീകരിച്ചവരോട് വിദ്വേഷത്തോടെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്നും രോഗികളോട് സ്നേഹത്തോടും അനുകമ്പയോടും പൊരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അനുദിനം വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ പരിശോധന വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെന്നൈയിലുള്ളവരെ പരിശോധിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച 16,000 ജോലിക്കാരെ വ്യന്യസിച്ചിട്ടുണ്ട്. നാളെ മുതല്‍ ഇവര്‍ ചെന്നൈയിലെ വീടുകള്‍തോറും കയറിയുള്ള പരിശോധന ആരംഭിക്കും. 24 മണിക്കൂറും ഇവരുടെ നിരീക്ഷണം ചെന്നൈയില്‍ നടക്കും. ആവശ്യമായ സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞായിരിക്കും ഇവരുടെ പരിശോധന. ഇത്തരത്തില്‍ 90 ദിവസത്തിനുള്ളില്‍ 10 ലക്ഷം കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ നിരീക്ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ച 485 രോഗികളില്‍ 437 പേരും ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്.

Exit mobile version