കൊറോണ ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ലക്ഷണമില്ലെങ്കിലും കുഞ്ഞും നിരീക്ഷണത്തില്‍, ഇന്ത്യയില്‍ ആദ്യം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്ത്യയില്‍ ഇത് ആദ്യത്തെ സംഭവമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു ഇവര്‍. കൂൂടാതെ ഡോക്ടറും സഹോദരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്വോള്‍ ഡോക്ടറിന്റെ ഭാര്യ 39 ആഴ്ച ഗര്‍ഭിണി ആയിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് ഇതുവരെ കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ലെന്നും ഡോക്ടര്‍മാര്‍ അറിച്ചു. എന്നാല്‍ മുന്‍കരുതല്‍ എന്നോണം കുഞ്ഞിനെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ശസ്ത്രകിയ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്ത്.

10 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് വെള്ളിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് തീരുമാനമെടുത്തത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിനെ ഓപ്പറേഷന്‍ തീയ്യേറ്റര്‍ ആക്കി മാറ്റുകയായിരുന്നു. യുവതിക്ക് കൊറോണ ബാധിച്ചിരുന്നുവെങ്കിലും ഗുരുതരമായിരുന്നില്ല. ന്യൂമോണിയ അടക്കം ഗുരുതരമായ അവസ്ഥയിലേക്ക് മാറിയിരുന്നുവെങ്കില്‍ ഇക്കാര്യം അസാധ്യമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ്. കുഞ്ഞിന് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മാത്രമേ കൊറോണ പരിശോധന നടത്തുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version