തളര്‍ച്ച ചികിത്സയ്‌ക്കെത്തിയ 72 വയസ്സുകാരിക്ക് കോവിഡ്, തിരിച്ചറിഞ്ഞില്ല, പരിശോധിച്ച ഡോക്ടര്‍ക്കും ഒരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു; നിരവധി പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: തളര്‍ച്ച ബാധിച്ച് ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് ഉണ്ടായിരുന്നെന്ന് തിരിച്ചറിയാതെ പരിശോധിച്ച ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിലാണ് സംഭവം. പഞ്ചാബി ബാഗ് മഹാരാജ അഗ്രസന്‍ ആശുപത്രിയിലാണ് ഗുരുതര ചികിത്സ വീഴ്ച സംഭവിച്ചത്.

മാര്‍ച്ച് 10നാണ് തളര്‍ച്ച ബാധിച്ച 72വയസുകാരി ഡല്‍ഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പിന്നീട് ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി.30ന് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി ഗംഗറാം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇവിടെ നടത്തിയ പരിശോധനയിലാണ് 72 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംശയത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഞ്ചാബി ബാഗ് ആശുപത്രിയിലെ ഡോക്ടര്‍ക്കും അവിടെയുണ്ടായിരുന്ന ഒരു രോഗിക്കും കോവിഡ് സ്ഥിരീകരിച്ചു. 10 മലയാളികള്‍ അടക്കം 12 നഴ്‌സുമാരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.

ഗംഗറാമില്‍ കോവിഡ് സ്ഥിരീകരിച്ച രോഗിക്ക് ഉപയോഗിച്ച ചികിത്സാ ഉപകരണങ്ങള്‍ മറ്റു രോഗികള്‍ക്കും ഉപയോഗിച്ചിരുന്നു. ലഭ്യമല്ലാത്തതിനാല്‍ സുരക്ഷാ കിറ്റുകള്‍ ഇല്ലാതെയാണ് നഴ്‌സുമാരില്‍ പലരും രോഗിയെ പരിചരിച്ചത്. 20 ദിവസം ചികിത്സയില്‍ ഇരുന്നിട്ടും രോഗ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാനായില്ലെന്ന് മാത്രമല്ല ഈ സാഹചര്യത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തിയ രോഗിയെ പരിശോധനക്കായി റഫര്‍ ചെയ്യുകയും ചെയ്തില്ല. ഇതോടെയാണ് നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നത്.

Exit mobile version