രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2300 കവിഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് 336 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 2300 കവിഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 2301 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 336 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 56 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. 156 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയിലാണ് വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. പതിമൂന്ന് പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ ഏഴ് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. മധ്യപ്രദേശില്‍ ആറും പഞ്ചാബിലും ഡല്‍ഹിയിലും നാല് പേര്‍ വീതവുമാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ 2580 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. 70 പേര്‍ മരിച്ചെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 88 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 423 ആയി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 75 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 74 പേരും തബ്ലീഗ് ജമാ അത്ത് പരിപാടിയില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്ത് 309 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്നലെ മാത്രം 21 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version