നിസാമുദ്ദീനിലെ മതസമ്മേളനത്തിന് സമാനമായി 5000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന പരിപാടി മുംബൈയില്‍, സര്‍ക്കാരിന്റെ ജാഗ്രതയെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടു; ആഭ്യന്തരമന്ത്രി

മുംബൈ: ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. നിസാമുദ്ദീനില്‍ നടന്നതുപോലെ ഒരു മതപരിപാടി മാര്‍ച്ചില്‍ മുംബൈയിലും നടക്കേണ്ടതായിരുന്നുവെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

സര്‍ക്കാരിന്റെ ജാഗ്രതയേ തുടര്‍ന്നാണ് പരിപാടി ഒഴിവാക്കപ്പെട്ടതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മുംബൈയുടെ പ്രാന്തപ്രദേശമായ വാസയില്‍ രണ്ടുദിവസത്തെ ഒരു മെഗാപരിപാടിയാണ് ആസൂത്രണം ചെയ്തിരുന്നത്. 5000 ത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന പരിപാടിക്കായി ഷെമിം എജ്യുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് അനുമതി തേടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഫെബ്രുവരി അഞ്ചിന് പരിപാടി നടത്താന്‍ പോലീസ് അനുമതി നല്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വിദേശരാജ്യങ്ങളില്‍ നിരവധി പേരുടെ ജീവനെടുത്ത കൊറോണ വൈറസ് ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയും ചെയ്തു.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് പരിപാടിക്ക് നല്കിയ അനുമതി പുനഃപരിശോധിക്കുകയും പരിപാടി റദ്ദാക്കുകയുമായിരുന്നുവെന്നും ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

Exit mobile version