നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാവില്ല; പൃഥ്വിരാജ് അടക്കമുള്ളവര്‍ ജോര്‍ദാനില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജ് അടക്കമുള്ള സിനിമാ സംഘം അവിടെ തന്നെ തുടരണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സംഘത്തെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ആവില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാകില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. സംഘത്തോട് ജോര്‍ദാനില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.

‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് സംഘം ജോര്‍ദാനില്‍ പോയത്. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടക്കം 58 പേരാണ് ജോര്‍ദാനില്‍ കര്‍ഫ്യൂവില്‍ കുടുങ്ങിയിരിക്കുന്നത്. ഇതേതുടര്‍ന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേബറും രംഗത്ത് എത്തിയിരുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തേക്ക് തങ്ങളെ തിരിച്ചെത്തിക്കല്‍ സാധിക്കില്ലെങ്കില്‍ ജോര്‍ദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നായിരുന്നു ബ്ലെസി കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

രണ്ടാഴ്ച മുമ്പ് ഈ ചിത്രത്തില്‍ അഭിനയിക്കുന്ന ഒമാന്‍ താരമായ ഡോ. താലിബ് അല്‍ ബലൂഷിയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഇതുവരെ ജോര്‍ദാനില്‍ 274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version