കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് നരേന്ദ്ര മോഡിയുടെ അമ്മയും; സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് നല്‍കിയത് 25,000 രൂപ

അഹമ്മദാബാദ്: കൊവിഡ് 19 രാജ്യത്ത് വരുത്തി വെച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകള്‍ ഒഴുകി എത്തുകയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരബെന്‍ മോഡി സംഭാവന നല്‍കി രംഗത്തെത്തിയിരിക്കുകയാണ്. കൊവിഡ് 19 ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിലേക്ക് തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 25,000 രൂപയാണ് നല്‍കിയത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കണമെന്ന് നരേന്ദ്ര മോഡി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നു. മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ വിവധ മേഖലകളില്‍ നിന്ന് ലഭിക്കുന്നത്.

നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ ഫണ്ടിലേക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നത്. അതേസമയം, ദലൈ ലാമയും പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്ര തുകയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമെയാണ്, അമ്മയുടെ സംഭാവനയും.

Exit mobile version