നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ; തമിഴ്‌നാട്ടില്‍ 50 പേര്‍ക്കും തെലങ്കാലനയില്‍ 15 പേര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രോഗം

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്‌നാട്ടില്‍ നിന്നുള്ള 50പേരുടെ പരിശോധനാഫലം പോസ്റ്റീവാണെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു.

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും മതസമ്മേളനത്തില്‍ പങ്കെടുത്തത് 1,500 പേരാണ്. ഇതില്‍ 1130 പേര്‍ മാത്രമാണ് തമിഴ്‌നാട്ടിലേക്ക് തിരികെ എത്തിയതെന്നും ബാക്കിയുളളവര്‍ ഡല്‍ഹിയില്‍ തന്നെ കഴിയുകയായിരുന്നുവെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്ത് തിരികെയെത്തിയ 1130 പേരില്‍ 515പേരെ കണ്ടെത്താന്‍ സാധിച്ചു. ഇവരില്‍ അമ്പതുപേര്‍ക്കാണ് കൊറോണ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും ബീലാ രാജേഷ് പറഞ്ഞു. അതേസമയം മതസമ്മേളനത്തില്‍ പങ്കെടുത്ത തെലങ്കാനയില്‍ നിന്നുള്ളവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മതസമ്മേളത്തില്‍ പങ്കെടുക്കാന്‍ പോയ 15പേരുടെയും അവരുടെ ബന്ധുക്കളുടേയും കൊറോണ പരിശോധനാഫലം പോസിറ്റീവാണ്. അതേസമയം ഷില്ലോങ്ങില്‍ നിന്ന് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ഏഴുപേര്‍ തിരികെയെത്തിയിട്ടില്ലെന്ന് മേഘാലയ പോലീസ് വ്യക്തമാക്കി.

Exit mobile version