ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ; 27 ബന്ധുക്കള്‍ നിരീക്ഷണത്തില്‍

മുംബൈ: ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂരിലാണ് സംഭവം. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേര്‍ക്കും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് മാര്‍ച്ച് 23നാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മാര്‍ച്ച് 19 മുതല്‍ മിറാജില്‍ ഐസോലേഷന്‍ വാര്‍ഡിലാണ്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 25ന് ഈ കുടുംബത്തിലെ മറ്റ് അഞ്ചുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസമാണ് അവശേഷിക്കുന്ന മൂന്നുപേരിലും രോഗം കണ്ടെത്തിയത്. ഇതോടെ ഒരുകുടുംബത്തിലെ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ പതിനൊന്ന് പേരും സാംഗ്ലി ഇസ്ലാംപൂര്‍ സ്വദേശികളാണ്. ബന്ധുവായ പന്ത്രണ്ടാമത്തെ സ്ത്രീ കോലാപൂര്‍ ജില്ലയില്‍ നിന്നുളള ആളാണ്.

ഈ കുടുംബവുമായി ഇടപഴകിയ 27 ബന്ധുക്കള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 11 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും 23 പേരുടെ സവ്ര സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ ഇസ്ലാംപൂരിലേക്ക് അയച്ചതായും സാംഗ്ലി ജില്ലാ സിവില്‍ സര്‍ജന്‍ സഞ്ജയ് അറിയിച്ചു.

Exit mobile version