എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല, എല്ലാവരും സുരക്ഷിതരായിരിക്കൂ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗാംഗുലി

കൊല്‍ക്കത്ത: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ രാജ്യത്ത് സംഭവിച്ച മാറ്റങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

രാത്രിയും പകലുമെന്നില്ലാതെ വാഹനങ്ങളും ജനങ്ങളും ഒഴുകുന്ന കൊല്‍ക്കത്ത നഗരവും ലോകപ്രസിദ്ധമായ ഹൗറ പാലത്തിന്റേയും ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവെച്ചാണ് ഗാംഗുലി ലോക്ക് ഡൗണിനു പിന്നാലെ രാജ്യത്ത് സംഭവിച്ച മാറ്റങ്ങള്‍ കാണിച്ച് തന്നത്.

എപ്പോഴും ജനങ്ങളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും തിങ്ങിനിറഞ്ഞിരിക്കുന്ന ഈ സ്ഥലങ്ങളെല്ലാം ഇപ്പോള്‍ തിരക്കൊഴിഞ്ഞ് ആളുമില്ല അനക്കവുമില്ലാത്ത അവസ്ഥയായിരിക്കുകയാണ്. ‘എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതല്‍ നന്മയ്ക്കായി ഇതെല്ലാം ഉടനെ മാറും. എല്ലാവര്‍ക്കും എന്റെ സ്നേഹവും വാത്സല്യവും’ എന്ന് ചിത്രം പങ്കുവെച്ച് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമബംഗാളിലെ കൊല്‍ക്കത്ത നിവാസിയായ ഗാംഗുലി രാജ്യത്ത് കൊറോണ പ്രതിരോധത്തിനായി 50 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കുമ്പോഴും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നത് അധികൃതരേയും ജനങ്ങളെയും ആശങ്കയിലാക്കുകയാണ്.

Exit mobile version