മുംബൈയിലെ ചേരി നിവാസികളില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; നിരീക്ഷണത്തിലുള്ളത് 50,000 പേര്‍

മുംബൈ: മുംബൈയിലെ ചേരി നിവാസികളില്‍ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ നാല് ചേരികളിലെ അമ്പതിനായിരത്തോളം പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും മറ്റ് രണ്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

നേരത്തേ മുംബൈ സെന്‍ട്രലിലെ ചേരി നിവാസിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുംബൈ സെന്‍ട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നത്. അമേരിക്കയില്‍ നിന്നെത്തിയ 49കാരന്റെ വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. വീട്ടുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വീട്ടുജോലിക്കാരിയെയും പരിശോധിച്ചത്. ഇവരുടെ ഫലവും പോസിറ്റീവായിരുന്നു.

ചേരിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. ഒറ്റമുറിക്കുടിലുകളില്‍ അടുത്തിടപഴകി കഴിയുന്നവരാണ് ചേരി നിവാസികള്‍. അതുകൊണ്ടു തന്നെ സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലം കൂടിയാണിത്. ഇതാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാവാന്‍ കാരണം. മഹാരാഷ്ട്രയില്‍ ഇതുവരെ 124 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Exit mobile version