‘എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല’; ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഗാംഗുലി

കൊല്‍ക്കത്ത: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് രാജ്യം മുഴുവനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ നിരത്തുകളൊക്കെ ഏറെക്കുറെ ശൂന്യമായി കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിലുള്ള തന്റെ നഗരമായ കൊല്‍ക്കത്തയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ജീവിതത്തില്‍ ഒരിക്കലും തന്റെ നഗരമായ കൊല്‍ക്കത്തെ ഈ നിലയില്‍ കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ആളൊഴിഞ്ഞ കൊല്‍ക്കത്ത നഗരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഗാംഗുലി ട്വീറ്റ് ചെയ്തത്.

‘എന്റെ നഗരത്തെ ഈ വിധത്തില്‍ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. കൂടുതല്‍ നന്മയ്ക്കായി ഇതെല്ലാം ഉടനെ മാറും. എല്ലാവര്‍ക്കും എന്റെ സ്‌നേഹവും വാത്സല്യവും’ എന്നാണ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്ത് ഇതുവരെ അഞ്ഞൂറിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പന്ത്രണ്ട് പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. ലോക വ്യാപകമായി ഇതുവരെ 18804 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version