‘കൊറോണയെ തുരത്തേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല, നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്’; മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലതാ മങ്കേഷ്‌കര്‍

മുംബൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പന്ത്രണ്ട് പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. അഞ്ചൂറിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാലും പലര്‍ക്കും രോഗത്തിന്റെ തീവ്രത മനസിലായിട്ടില്ല എന്നുവേണം കരുതാന്‍. പലരും സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ ഇറങ്ങി നടക്കുകയാണ്. ഇത്തരത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക ലതാ മങ്കേഷ്‌കര്‍. കൊറോണയെ തുരത്തേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നുമാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

‘എല്ലാത്തിനും ഒരു പരിധിയുണ്ട്. ലോകം മുഴുവന്‍ കൊവിഡ് 19 വൈറസിനെതിരേ പോരാടുകയാണ്. വൈറസ് വ്യാപനം തടയാനായി നമ്മള്‍ ഓരോരുത്തരും വീട്ടില്‍ കഴിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും നമ്മെ എന്നും ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ ജനങ്ങള്‍ക്കെന്താണ് സാഹചര്യം മനസിലാവാത്തത്? വൈറസിനെതിരെ പോരാടേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയാണോ? നമുക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലേ? ഈ സാഹചര്യത്തില്‍ അധികാരികളെ സഹായിക്കണമെന്നും അവരോടു സഹകരിക്കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഓരോരുത്തരും അവരവരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷകരായി വര്‍ത്തിച്ച് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു’ എന്നാണ് ലതാ മങ്കേഷ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്.

ലോകത്താകമാനമായി 18804 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധമൂലം പന്ത്രണ്ട് പേരാണ് മരിച്ചത്. അഞ്ചൂറിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version