അർധരാത്രി മുതൽ രാജ്യം 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്; ആരും പുറത്തിറങ്ങരുത്; കോവിഡിനെ നേരിടാൻ 15000 കോടിയുടെ പാക്കേജെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വരുന്ന 21 ദിവസം രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമേറിയതാണെന്നും അതിനാൽ 21 ദിവസം ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് രോഗത്തെ നേരിടാൻ 15,000 കോടി രൂപയുടെ പ്രത്യാക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആശുപത്രികളും വെന്റിലേറ്ററും അവശ്യ സേവനങ്ങളും ഉറപ്പിക്കാനാണ് ഈ തുക ചെലവിടുക.

ദേശീയ വ്യാപകമായ കർഫ്യൂ ആണ് രാജ്യത്ത് നടപ്പിലാക്കാൻ പോവുന്നത്. എല്ലാ സംസ്ഥാനങ്ങളും സമ്പൂർണ്ണ ലോക്ക്ഡൗണിലായിരിക്കും. കോവിഡ് വേഗത്തിലാണ് പടർന്നു പിടിക്കുന്നത്. വീടിനുള്ളിൽ നിന്നും ആരും പുറത്തിറങ്ങരുതെന്നും ഇപ്പോൾ എവിടെയാണ് ഉള്ളത് അവിടെ തന്നെ ഓരോരുത്തരും തുടരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സാമൂഹിക ഉത്തരവാദിത്തമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊറോണയുടെ വ്യാപനം എത്രത്തോളം നിയന്ത്രിക്കാനാവുമെന്ന് മാത്രമാണ് നമുക്ക് ഇനി നോക്കാനുള്ളത്. ഓരോ ചുവടും ശ്രദ്ധിച്ചുവേണം ഇനി നമ്മൾ നീങ്ങേണ്ടത്. രാജ്യത്തെ ഓരോ പൗരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്നും മോഡി പറഞ്ഞു.

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാക്കും. വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാകാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ കർഫ്യു നടപ്പാക്കിയതായി അറിയിച്ചത്. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നത്. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാൾ എന്ന നിലയ്ക്കാണ് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം.

ലോകത്തെ വലിയ ശക്തികൾക്ക് പോലും കൊറോണയെ പിടിച്ചുനിർത്താനായിട്ടില്ല. നിർണായകമായ 21 ദിവസം വീട്ടിലിരിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യം 21 വർഷം പുറകിലേക്ക് പോകുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ രക്ഷകരെന്നും അവരോട് എന്നും നമ്മൾ കടപ്പെട്ടിരിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഞായറാഴ്ച പ്രഖ്യാപിച്ച ജനതാ കർഫ്യൂ വിജയമാക്കിയതിന് രാജ്യത്തെ ജനങ്ങളെ മോഡി അഭിനന്ദിക്കുകയും ചെയ്തു.

Exit mobile version