കൊവിഡ് 19; ജീവനക്കാര്‍ക്ക് കൈത്താങ്ങായി പ്രകാശ് രാജ്, മെയ് വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കി

ചെന്നൈ: വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. തന്റെ പ്രൊഡക്ഷന്‍ ഹൗസിലേയും ഫാമിലേയും മറ്റ് ജോലിക്കാര്‍ക്കും മെയ് വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഈ കാര്യം അറിയിച്ചത്.

ഇതിനു പുറമെ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന ചിത്രങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകുതി ശമ്പളം നല്‍കുമെന്നും താരം അറിയിച്ചു. ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തന്നെക്കൊണ്ട് സാധ്യമാകുന്നതെല്ലാം ഇനിയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു. ഇതുവരെ പത്ത് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 97 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version