‘രാജ്യത്തെ നിര്‍മ്മിക്കുന്നവരും സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നവരുമായ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം സംരക്ഷിക്കൂ’; പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി കമല്‍ഹാസന്‍

ചെന്നൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാ സംസ്ഥാനങ്ങളും പൂര്‍ണ്ണമായി ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് താരം ഈ കത്ത് പങ്കുവെച്ചത്.

‘അന്നന്നത്തെ ആവശ്യങ്ങള്‍ക്കായി സാധാരണ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ആളുകളും. ‘ഔപചാരികമായ’ മായ ജോലി ചെയ്യുന്നവരാണെങ്കിലും അവരാരും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ ലഭിക്കുന്നവരല്ല. രാജ്യത്ത് അത്തരക്കാര്‍ 95 ശതമാനത്തോളം വരും. അതില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ വരും കൃഷിക്കാരും സാധാരണ ജോലികള്‍ ചെയ്യുന്നവരും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടും. നമ്മുടെ രാജ്യത്തെ നിര്‍മ്മിക്കുന്നവരും സാമ്പത്തിക അടിത്തറയ്ക്ക് ശക്തി പകരുന്നവരുമായ കൊട്ടിയാഘോഷിക്കപ്പെടാത്ത യഥാര്‍ത്ഥ നായകരായ ഇവരെ സര്‍ക്കാര്‍ കാണാതെ പോകരുത്’ എന്നാണ് അദ്ദേഹം തുറന്ന കത്തില്‍ എഴുതിയിരിക്കുന്നത്.

സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ സാധാരണ തൊഴിലാളികള്‍ക്ക് വരുമാനം നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഈ ദുരിതത്തെ പിടിച്ചുകെട്ടാന്‍ അവര്‍ക്ക് നേരിട്ട് പണം എത്തുന്നുണ്ടെന്ന് കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും മനുഷ്യ ജീവന്‍ അപകടത്തിലാണെങ്കില്‍ അത് തിരിച്ചുപിടിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version