കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 341 ആയി, ജാഗ്രതാ നടപടികള്‍ കൂടുതല്‍ കര്‍ശനനമാക്കി കേന്ദ്രം

മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 341 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ മുഴുവന്‍ ബസുകളും മാര്‍ച്ച് 31 വരെ സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച 75 ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം. രാജ്യത്ത് ഇതുവരെ ആറ് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 23 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടത് നേരിയൊരു ആശ്വാസം നല്‍കുന്നുണ്ട്.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായി നിര്‍വെച്ചിരിക്കുകയാണ്. ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. അതേസമയം ചരക്ക് തീവണ്ടികള്‍ പതിവുപോലെ ഓടുമെന്നും റെയില്‍വേ അറിയിച്ചു.

Exit mobile version