കൊറോണ ഭീതിയില്‍ രാജ്യം; യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും മാസ്‌കും എത്തിച്ച് നല്‍കി എയര്‍പോര്‍ട്ട് ജീവനക്കാര്‍; അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും മാസ്‌കും നല്‍കി വ്യത്യസ്തരാവുകയാണ് ഡല്‍ഹി എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍. കൊറോണ ഭീഷണിയില്‍ രാജ്യം കഴിയുമ്പോള്‍ നിസ്വാര്‍ത്ഥ സേവനം കൊണ്ട് ജനങ്ങള്‍ക്ക് ഒന്നടങ്കം മാതൃകയാവുകയാണ് തലസ്ഥാനത്തെ എയര്‍പോര്‍ട്ട് ജീവനക്കാര്‍.

സിറ്റിംഗ് ഏരിയയില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും മാസ്‌കും എത്തിച്ചു നല്‍കുന്ന ജീവനക്കാരുടെ വീഡിയോ ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഈ പരീക്ഷണ സമയത്ത് നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളെ മുന്നോട്ടുപോകാന്‍ സഹായിക്കുന്നത്. യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ നല്‍കിയ ഭക്ഷണവും മാസ്‌കുമെല്ലാം പുഞ്ചിരിയോടെ സ്വീകരിച്ച യാത്രക്കാര്‍ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

കൊറോണ ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഇത് ആശങ്കകളുടെ സമയമാണ്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടി തികച്ചും മാതൃകാപരമാണെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു.

Exit mobile version