കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 258 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 258 ആയി. കേന്ദ്ര ആരോഗ്യവകുപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്. മഹാരാഷ്ട്രയില്‍ മാത്രം 11 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 63 ആയി. പശ്ചിമ ബംഗാളില്‍ ഒരാള്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ നിന്ന് തിരിച്ചെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പശ്ചിമ ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നായി.

രാജ്യത്ത് ഇതുവരെ പത്തൊമ്പത് സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. അതേ സമയം രാജ്യത്ത് 22 പേര്‍ രോഗം പൂര്‍ണ്ണമായി ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

അതേ സമയം കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 22ന് ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ആയിരത്തോളം ആഭ്യന്തര സര്‍വീസുകള്‍ റദ്ദ് ചെയ്തു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചിരിക്കുന്നാത്.

Exit mobile version