ഇവരുടെ ദുരിതവും അറിയാതെ പോകരുത്; യാത്രവിലക്കിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍; നാട്ടിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ നിന്നും പുറത്താക്കി

മനില: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ കുടുങ്ങിയത്. രണ്ട് ദിവസമായി വിമാനത്താവളത്തില്‍ കഴിയുകയായിരുന്ന ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്താക്കി.

മലയാളികളടക്കം 95 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്. 48 മണിക്കൂര്‍ മുന്‍പ് കണ്‍ഫേം ചെയ്ത ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയെങ്കിലും പെട്ടെന്നുണ്ടായ യാത്രാവിലക്കിനെ തുടര്‍ന്ന് ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടപ്പോള്‍ പേര് വിവരങ്ങളും പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങളും നല്‍കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാല്‍ ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്നലെ ഇന്ത്യന്‍ എംബസിയാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കപ്പെട്ടതോടെ ഇവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ചിലര്‍ താമസസ്ഥലത്തേക്ക് മടങ്ങി. മറ്റുചിലര്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ്.

Exit mobile version