കൊറോണയല്ലേ, ജനത്തിരക്ക് നിയന്ത്രിക്കണം; പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയാക്കി ഉയർത്തി ഇന്ത്യൻ റെയിൽവേ

അഹമ്മദാബാദ്: കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ വിചിത്ര നടപടികളുമായി ഇന്ത്യൻ റെയിൽവേ. ജനത്തിരക്ക് കുറയ്ക്കാൻ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതാണ് പുതിയ നടപടി. പത്ത് രൂപയിൽ നിന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയായാണ് വർധിപ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലെയും മധ്യപ്രദേശിലെ രത്ലം ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിലുമാണ് ആദ്യഘട്ടത്തിൽ നിരക്ക് വർധനവ്.

ഇതുവഴി അഹമ്മദാബാദ് അടക്കം 12 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് ഗുജറാത്തിൽ വർധിച്ചിരിക്കുന്നത്. പശ്ചിമ റെയിൽവേ സോണിന് കീഴിൽ വരുന്നതാണ് അഹമ്മദാബാദ് ഡിവിഷൻ. ബുധനാഴ്ച മുതൽ ഇവിടെ നിരക്ക് വർധനവ് നിലവിൽ വരും. കൊറോണ വൈറസിന്റെ ഭീഷണി കണക്കിലെടുത്ത് അഹമ്മദാബാദ് ഡിവിഷനിലെ എല്ലാ പ്രധാന സ്റ്റേഷനുകളുടെയും പ്ലാറ്റ്ഫോം ടിക്കറ്റുകൾ 50 രൂപയായി ഉയർത്തിയെന്നും ഇത് ബുധനാഴ്ച ഉച്ചക്ക് 12 മുതൽ നിലവിൽ വരുമെന്നും അഹമ്മദാബാദ് ഡിവിഷൻ വക്താവ് പറഞ്ഞു.

റെയിൽവേ പരിസരത്ത് കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കാനാണ് നടപടിയെന്നും അഹമ്മദാബാദ് ഡിവിഷൻ കൂട്ടിച്ചേർത്തു. രത്ലം ഡിവിഷന് കീഴിലെ 135 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കാണ് വർധിപ്പിച്ചിരിക്കുന്നത്. മാർച്ച് 17 മുതൽ നിരക്ക് വർധനവ് നിലവിൽ വന്നു. കൂടുതൽ റെയിൽവേ സ്റ്റേഷനുകളിലേയ്ക്ക് നിരക്ക് വർധന വ്യാപിപ്പിക്കുമോ എന്നതിലും നിരക്കുകൾ പിന്നീട് കുറയ്ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Exit mobile version