മഹാരാഷ്ട്രയിൽ ക്വാറന്റൈൻ ചെയ്തവരെ തിരിച്ചറിയാൻ പ്രത്യേക മുദ്ര; ഇടതു കൈപ്പത്തിയിൽ വോട്ടിങ് മഷി കൊണ്ട് മുദ്ര പതിക്കും

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധന രേഖപ്പെടുന്നതിനിടെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. നിരവധിയാളുകളാണ് ഇവിടെ ഹോം ക്വാറന്റൈനിൽ കഴിയുന്നത്. ഇത്തരത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരെ തിരിച്ചറിയാൻ പ്രത്യേകം മുദ്ര കുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. നിരീക്ഷണത്തിലുള്ളവർ ഒളിച്ചുകടക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. ക്വാറന്റൈനിലുള്ളവരുടെ ഇടതു കൈപ്പത്തിയുടെ പുറംഭാഗത്താണ് മുദ്ര കുത്തുകയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. തെരഞ്ഞെടുപ്പുകൾക്ക് വോട്ടർമാരുടെ കൈയിൽ രേഖപ്പെടുത്തുന്ന മഷിയാണ് മുദ്ര കുത്താനായി ഉപയോഗിക്കുക.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. 40 പേർക്കാണ് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ ഏഴുപേർ ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ചാടിപ്പോയിരുന്നു. ക്വാറന്റൈനിൽനിന്നു രക്ഷപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. മാർച്ച് 31 വരെ മുദ്രകുത്തൽ നടപടി തുടരും. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ അതു തിരിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Exit mobile version