കൊറോണ കാരണം താഴെ വീഴാതെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ; നിയമസഭ 26 വരെ പിരിഞ്ഞു

ഭോപ്പാൽ: കൊറോണ കാലത്തെ മുൻകരുതലിനെ തുടർന്ന് മധ്യപ്രദേശിലെ നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം 26 വരെ പിരിഞ്ഞു. വിശ്വാസവോട്ട് സംബന്ധിച്ച് അനിശ്ചിത്വത്വം നിലനിൽക്കുന്നതിനിടെയാണ് സഭ പിരിഞ്ഞത്. ഇതോടെ താൽക്കാലികമായി കോൺഗ്രസിനും കമൽനാഥ് സർക്കാരിനും ജീവശ്വാസം തിരികെ കിട്ടിയിരിക്കുകയാണ്.

മധ്യപ്രദേശ് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയാണ് സഭ 26 വരെ പിരിഞ്ഞതായി സ്പീക്കർ എൻപി പ്രജാപതി അറിയിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് സഭ നിർത്തിവെച്ചതെന്ന് സ്പീക്കർ വ്യക്തമാക്കി. കേവലഭൂരിപക്ഷം നഷ്ടമായ കമൽനാഥ് സർക്കാർ തിങ്കളാഴ്ചതന്നെ നിയമസഭയിൽ വിശ്വാസം തേടണമെന്ന് നേരത്തെ ഗവർണർ ലാൽജി ടണ്ഠൻ നിർദേശിച്ചിരുന്നു. അതേ സമയം സഭാസമ്മേളനത്തിന്റെ അജണ്ടയിൽ സ്പീക്കർ വിശ്വാസവോട്ടെടുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

ഹരിയാണയിലേക്ക് മാറ്റിയിരുന്ന ബിജെപി എംഎൽഎമാരും ജയ്പൂരിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ് എംഎൽഎമാരും രാവിലെ നിയമസഭയിലെത്തി. പിന്നാലെ സഭയെ അഭിസംബോധന ചെയ്യുന്നതിനായി ഗവർണറും എത്തി. രണ്ടു മിനിറ്റ് മാത്രം നയ പ്രഖ്യാപന പ്രസംഗം നടത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. ഭരണഘടന പ്രകാരമുള്ള നിയമങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും, മധ്യപ്രദേശിന്റെ അന്തസ്സ് സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിമതരായ 22 എംഎൽഎമാർ സഭയിലെത്തിയിരുന്നില്ല. ബംഗളൂരുവിൽ തുടരുകയാണ് അവർ.

Exit mobile version