കൊവിഡ് 19; ഇന്ത്യയില്‍ രണ്ട് മരണം, കനത്ത ജാഗ്രതയില്‍ രാജ്യം

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയില്‍ കൊവിഡ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 69 കാരി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. രോഗബാധിതനായ മകനില്‍ നിന്നാണ് ഇവര്‍ക്ക് അസുഖം പകര്‍ന്നത്. മരിച്ചവരുടെ എണ്ണം രണ്ടായതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം. വിമാനത്താവളങ്ങിലൊക്കെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍, തീയ്യേറ്ററുകള്‍, വന്‍കിട റസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയെല്ലാം പൂട്ടിയിരിക്കുകയാണ്.

ഐടി ജീവനക്കാരോട് വരും ദിവസങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് വിവിധ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കല്‍ബുര്‍ഗിയില്‍ വൈറസ് ബാധ മൂലം മരിച്ച വ്യക്തിയുമായി നേരിട്ട് ഇടപഴകിയ 31പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. കല്‍ബുര്‍ഗിലേക്കുള്ള റോഡുകള്‍ അടച്ചുള്ള നിയന്ത്രണം തുടരുകയാണ്.

Exit mobile version