പശുവിൻ നെയ്യും വേപ്പിലയും കർപ്പൂരവും കത്തിച്ച് തീകുണ്ഡം ഉണ്ടാക്കൂ; കൊറോണ വൈറസ് ഇല്ലാതാകും; വ്യാജപ്രചാരണം നടത്തി ഗുജറാത്ത് മുഖ്യമന്ത്രി; നാണക്കേട്

ഗാന്ധിനഗർ: രാജ്യം അതീവ ഗുരുതരമായ ഭീഷണിയിലൂടെ കടന്നുപോകുന്നതിനിടെ വിവാദവും വ്യാജവുമായ പ്രചാരണങ്ങൾ അഴിച്ചുവിട്ട് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കന്മാർ. തീകുണ്ഡത്തിന് കൊറോണയെ പോലുള്ള മാരക വൈറസുകളെ ഇല്ലാതാക്കാനാകും എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രസ്താവന നടത്തിയിരിക്കുന്നത്. പശുവിൻ നെയ്ക്കൊപ്പം വേപ്പിലയും കർപ്പൂരവും ഉപയോഗിച്ചുണ്ടാക്കുന്ന തീക്കുണ്ഡത്തിന് അന്തരീക്ഷത്തിലെ വൈറസുകളെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് ബിജെപി മുഖ്യമന്ത്രിയുടെ അവകാശവാദം.

ഹോളിയുടെ ഭാഗമായിട്ട് ഉണ്ടാക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിൻ നെയ്, ഉണങ്ങിയ വേപ്പില, കർപ്പൂരം, മരക്കറ, കടുക് എന്നിവ നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന പുകയ്ക്ക് അന്തരീക്ഷത്തിലെ വൈറസുകളെ ഇല്ലാതാക്കാൻ കഴിയും. അന്തരീക്ഷം അണുവിമുക്തമാകുന്നതിനൊപ്പം രോഗങ്ങൾക്ക് ശമനമുണ്ടാക്കാൻ കഴിയുമെന്നും വിജയ് രൂപാണി വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം കൂടിയായിട്ട് വേണം ഇതിനെ കാണേണ്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറയുന്നു. ഗുജറാത്തിലെ ജനങ്ങൾക്കുള്ള ഹോളി ആശംസയിലാണ് രൂപാണിയുടെ മാർഗനിർദേശം. അതേസമയം, ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ആരോപണം ഉരയർന്നു കഴിഞ്ഞു.

നേരത്ത, കൊറോണ വ്യാപനം തടയാൻ ചായ സത്കാരങ്ങളുടെ മാതൃകയിൽ ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നു. ഗോമൂത്ര പാർട്ടിക്ക് എത്തുന്നവർക്ക് കുടിക്കാൻ ഗോമൂത്രം ആവശ്യമാണ്. ഇതിനായി പ്രത്യേക കൗണ്ടറുകൾ തുറക്കും. ഇതിനൊപ്പം ചാണക വറളി കൂടി ഉപയോഗിച്ചാൽ കൊറോണ ഭീഷണി ഇല്ലാതാകുമെന്നും ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് രൂപാണിയും രാജ്യത്തിന് തന്നെ നാണക്കേടാകുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.

Exit mobile version