പുര കത്തുമ്പോൾ വാഴ വെട്ടി ഫ്‌ളിപ്പ് കാർട്ട്; കൊറോണ പടരുന്നതിനിടെ കൈകൾ അണുവിമുക്തമാക്കുന്ന സാനിറ്റൈസറിന് 16 ഇരട്ടി വില വർധിപ്പിച്ചു; ജനരോഷം ശക്തം

ന്യൂഡൽഹി: അത്യാവശ്യ സമയത്ത് ജനങ്ങൾ ജീവരക്ഷയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കൾക്ക് പോലും വില കൂട്ടി ഇ-കൊമേഴ്‌സ് മേഖലയുടെ ക്രൂരത. കൊറോണ വൈറസ് (കോവിഡ് 19) പടരുന്നതിനിടെ ആളുകൾ ഏറ്റവും കൂടുതൽ തേടുന്ന കൈകൾ അണുവിമുക്തമാക്കുന്ന സാനിറ്റൈസറിന് പതിനാറിരട്ടി വില കൂട്ടിയാണ് ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാർട്ടും ഹിമാലയ കമ്പനിയും ജനങ്ങളെ ചൂഷണം ചെയ്യുന്നത്.

സോപ്പും സാനിറ്റൈസറും ഉപയോഗിച്ചു കൈകഴുകുകയാണു കൊറോണയെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന ആരോഗ്യവിദഗ്ധരുടെ നിർദേശം അനുസരിച്ച് ജനങ്ങൾ സാനിറ്റൈസറുകൾക്കായി പരക്കം പായുമ്പോഴാണ് ഈ കൊള്ളയടി. അതേസമയം, ഒരു ജീവനെക്കാളും വലുതാണ് കൊള്ളലാഭമെന്ന ഈ സ്വകാര്യ കമ്പനികളുടെ നിലപാടിനെതിരെ സോഷ്യൽമീഡിയയിൽ അടക്കം ജനരോഷം പുകയുകയാണ്.

കൈകൾ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറുകൾ കടകളിൽ കിട്ടാതായതോടെയാണു ജനം ഓൺലൈൻ സ്റ്റോറുകളിൽ എത്തിയത്. 30 മില്ലി ലീറ്ററിന്റെ ബോട്ടിലിന് ഫ്‌ളിപ്കാർട്ട് 16 മടങ്ങ് വിലയാണ് ഈടാക്കുന്നത്. ഫ്‌ളിപ്കാർട്ടിൽ സൂപ്പർ റീട്ടെയിൽസ് എന്ന സെല്ലർ ലിസ്റ്റ് ചെയ്ത ഹിമാലയ പ്യൂർ ഹാൻഡ്‌സ് 30 മില്ലി ലീറ്റർ ബോട്ടിലിന് 999 രൂപയാണ് ഈടാക്കുന്നതെന്നാണ് പ്രധാന പരാതി. അതേസമയം, ഇത് ഒരേ ഉൽപന്നത്തിന് പല വിലകൾ വരുന്നത് നിരവധി സെല്ലർമാർ ലിസ്റ്റ് ചെയ്യുന്നതു കൊണ്ടാണെന്നാണു ഫ്‌ളിപ്കാർട്ട് ഹെൽപ് സെന്ററിന്റെ വിശദീകരണം.

ഈ അത്യാവശ്യ അവസ്ഥയിൽ വില കൂട്ടിയിട്ടതിനെതിരെ ആളുകൾ ട്വിറ്ററിലും പ്രതിഷേധമറിയിച്ചു. പരമാവധി വിൽപന വിലയേക്കാൾ (എംആർപി) കൂടിയ നിരക്കിലാണ് ഇവ ഇപ്പോൾ ഫ്‌ളിപ്പ് കാർട്ടിൽ ചാർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഇക്കാര്യം കമ്പനിയുടെ അറിവോടെയല്ലെന്നും ഇതിന് ഉത്തരവാദികളായവർക്ക് എതിരെ നടപടിയെടുക്കുമെന്നും ഹിമാലയ ഡ്രഗ് കമ്പനി ട്വീറ്റ് ചെയ്തു. പ്യൂർ ഹാൻഡ്‌സിന്റെ വില കമ്പനി കൂട്ടിയിട്ടില്ല. തേഡ് പാർട്ടി സെല്ലേഴ്‌സാണ് അനധികൃതമായി ഉൽപന്നങ്ങൾക്കു വില കൂട്ടുന്നത്. ഇവരുമായി തങ്ങൾക്കൊരു ബന്ധവുമില്ല. നിയമാനുസൃതമായ നടപടികൾ കമ്പനി സ്വീകരിക്കുമെന്നും ഹിമാലയ വ്യക്തമാക്കി.

Exit mobile version