ഡൽഹി കലാപം: ഇരകൾക്ക് 3 കോടി രൂപ അനുവദിച്ച് കെജരിവാൾ സർക്കാർ; മേൽനോട്ടത്തിന് ഐഎഎസ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിലെ ഇരകൾക്ക് എത്രയും വേഗം നഷ്ടപരിഹാരം എത്തിക്കാനുള്ള ശ്രമങ്ങളുമായി ഡൽഹി സർക്കാർ. കലാപത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ഡൽഹി സർക്കാർ മൂന്നു കോടി രൂപ അടിയന്തരമായി അനുവദിച്ചു. ഇരകൾക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ പരിശോധനയ്ക്കും തുടക്കമായിട്ടുണ്ട്.

വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ അന്തിമ പട്ടിക തയ്യാറാക്കുകയും അടുത്ത ആഴ്ച തന്നെ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. നടപടിക്രമങ്ങൾക്കായി ആളുകളെ നേരിട്ടുകാണുന്നതിനും സർക്കാർ കേന്ദ്രങ്ങളിലെത്തിക്കുന്നതിനും സൗകര്യങ്ങളൊരുക്കും.

അതേസമയം, കലാപത്തിൽ ഏറെ നാശനഷ്ടങ്ങൾക്ക് ഇരയായവർക്ക് അടിയന്തര സഹായം ഒരുക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Exit mobile version