കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിച്ച് ഫുട്പാത്തിലൂടെ പാഞ്ഞ് ബൈക്കുകൾ; തടഞ്ഞ് നിർത്തി അധ്യാപിക; അഭിനന്ദന പ്രവാഹം

പൂണെ: കാൽനടയാത്രക്കാരെ തടഞ്ഞ് ഫുട്പാത്തുകൾ കൈയ്യേറിയ ബൈക്ക് യാത്രികരെ വിരട്ടി വഴിയിൽ നിന്നും ഒഴിപ്പിച്ച് സോഷ്യൽമീഡിയയിൽ താരമായി ഈ വീട്ടമ്മ. ഫുട്പാത്തിലൂടെ വാഹനമോടിച്ച് രസിക്കുന്നവർക്ക് എതിരെ റോഡിലിറങ്ങി ‘പോരാടിയ’ മുതിർന്ന അധ്യാപികയെ, പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര ഉൾപ്പടെ ഉള്ള സോഷ്യൽമീഡിയ ഉപയോക്താക്കളാണ് അഭിനന്ദിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ പങ്കുവച്ചാണ് ഇത്തരം ‘ആന്റിമാരുടെ’ ആരാധകനാണു താനെന്ന് ആനന്ദ് ട്വിറ്ററിൽ കുറിച്ചത്.

‘ഇപ്പോഴാണ് ഇതു കണ്ടത്. എല്ലാ ‘ആന്റിമാരുടെയും’ ആരാധകനായി ഞാൻ മാറിയിരിക്കുന്നു. അവർക്ക് കൂടുതൽ ശക്തി കൈവരട്ടെ. വനിതാദിനത്തിൽ ഇവർ ആദരിക്കപ്പെടണം. അല്ലെങ്കിൽ രാജ്യാന്തര ആന്റിദിനം നമുക്ക് ആഘോഷിച്ചുകൂടെ? ലോകം ഇവർ കാരണമാണു കൂടുതൽ നല്ലതും സുരക്ഷിതവുമായിരിക്കുന്നത്’ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

പുണെ നഗരത്തിലെ തിരക്കേറിയ റോഡിൽ സിഗ്നലിൽ വാഹനങ്ങൾ കിടക്കുമ്പോഴാണ് ബൈക്കുകാർ അതിസാഹസികരായത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ വാഹനമോടിച്ചു മുന്നിലെത്തുന്നവരെ നേരിട്ടാണ് വീഡിയോയിൽ കാണുന്ന അധ്യാപിക താരമായത്. ഇവർ പുണെയിലെ വിമലാഭായ് ഗോഖലെ ഹൈസ്‌കൂളിലെ അധ്യാപകയാണെന്നാണ് വിവരം. ഇതു ബൈക്കുകൾക്കുള്ള വഴിയല്ലെന്നും കാൽനടക്കാർക്കുള്ളതാണെന്നും പറഞ്ഞു ബൈക്കുകാരെ ഒറ്റയ്ക്കാണു ഇവർ തടഞ്ഞത്.

Exit mobile version