കൊറോണ ഭയം; ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടും. ഡല്‍ഹിയില്‍ കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 31 വരെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താല്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വകുപ്പ് മേധാവികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവരോട് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സര്‍ക്കാര്‍ കത്ത് അയച്ചിട്ടുണ്ട്.

അതിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 30ആയി. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. കൂടുതല്‍ ആളുകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.

Exit mobile version