ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19 ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30ആയി. ഉത്തര്‍പ്രദേശ് ഗസിയാബാദ് സ്വദേശിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നതായും എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കാന്‍ തീരുമാനമായതായും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി.

ഇതുവരെ ചൈന, ജപ്പാന്‍, ഹോങ് കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്.

കേരളത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ച് സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയില്‍ നിന്നെത്തിയ 16 വിനോദസഞ്ചാരികളും ഉള്‍പ്പെടെ 29 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇതിനുപുറമേ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഡംബരക്കപ്പലിലും ഒരാള്‍ യുഎഇയിലുമാണ്.

Exit mobile version