എല്ലാവരും ശ്രദ്ധിക്കൂ..ഗോമൂത്രവും ചാണകവും ഉപയോഗിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാം; വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ഗുവാഹത്തി: ലോകത്ത് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പല വിചിത്ര മാര്‍ഗങ്ങളും അടുത്തിടെ ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം പിന്നെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ അസമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയ നല്‍കിയ നിര്‍ദേശമാണ് ഇപ്പോള്‍ വിമര്‍ശകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.

കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും സഹായകമാവുമെന്നാണ് അസം നിയമസഭാംഗമായ സുമന്‍ ഹരിപ്രിയയുടെ വിചിത്രമായ പ്രസ്താവന. ചാണകത്തിനും ഗോമൂത്രത്തിനും കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ മാറ്റാനാവുമെന്നും ഗോമൂത്രം തളിക്കുന്നയിടങ്ങള്‍ ശുദ്ധീകരിക്കപ്പെടുമെന്നും നമുക്കേവര്‍ക്കുമറിയുന്നതാണെന്ന് സുമന്‍ ഹരിപ്രിയ പറഞ്ഞു.

താന്‍ വിശ്വസിക്കുന്നത് ഉറപ്പായും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷി കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് തന്നെയാണെന്നും സുമന്‍ ഹരിപ്രിയ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനബജറ്റ് സമ്മേളനത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്.

ബംഗ്ലാദേശിന്റെ സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനം ഇന്ത്യയില്‍ നിന്ന് കടത്തുന്ന ഗോക്കളാണ്. ലോകത്തില്‍ രണ്ടാം സ്ഥാനമാണ് ഗോമാംസകയറ്റുമതിയില്‍ ബംഗ്ലാദേശിനുള്ളതെന്നും അവര്‍ കയറ്റുമതി ചെയ്യുന്നത് മുഴുവന്‍ ഇന്ത്യയില്‍ നിന്നുള്ള ഗോക്കളെയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Exit mobile version