വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല; മാധ്യമങ്ങൾ പറയുന്നത് കള്ളം: കലാപത്തിന് പ്രേരിപ്പിച്ചവർക്ക് എതിരെ ശക്തമായ നടപടിയെന്നും അനുരാഗ് ഠാക്കൂർ

ചണ്ഡീഗഢ്: ഡൽഹിയിൽ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ താൻ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹിയിലെ കലാപത്തിന് പ്രേരണ നൽകിയവർക്കും കലാപം നടത്തിയവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

താൻ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനിടെ ‘ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ’ എന്ന് പ്രസംഗിച്ചിട്ടില്ല. നിങ്ങൾ കള്ളം പറയുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘വിവരങ്ങൾ പൂർണമായും ശേഖരിക്കാതെയാണ് മാധ്യമങ്ങൾ പലകാര്യങ്ങളും അവതരിപ്പിക്കുന്നത് എന്നാണ് താൻ കരുതുന്നത്. വിദ്വേഷ പ്രസംഗം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ്. അതിനാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾ തന്റെ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രമാകണം.

മാധ്യമങ്ങൾ പൂർണ വിവരങ്ങൾ ശേഖരിക്കണം. കലാപവുമായി ബന്ധപ്പെട്ട് എന്ത് വിശദീകരണമാണ് നിങ്ങൾക്ക് വേണ്ടത്. കലാപത്തിന് പ്രേരണ നൽകുകയോ കലാപത്തിൽ പങ്കെടുക്കുകയോ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ഞായറാഴ്ച ആദായ നികുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ വ്യാപാര വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം.

Exit mobile version