ഉടൻ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ പതിനായിരം രൂപ; ഓരോ ഉപയോഗത്തിനും പിഴ അടക്കേണ്ട ഗതികേടിൽ ജനങ്ങൾ

ന്യൂഡൽഹി: പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ കടുത്ത നിലപാടുകളുമായി കേന്ദ്ര സർക്കാർ. മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴനൽകേണ്ടിവരും. പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിക്കുന്നതിനാണ് ഇത്രയുംതുക പിഴയായി ഈടാക്കുന്നതാണെന്നാണ് വിശദീകരണം.

ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്. ഈ ചട്ടപ്രകാരം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സ്വാഭാവികമായും പാൻ ഉടമ പിഴയടയ്ക്കാൻ നിർബന്ധിതനാകും. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും. ഇത്തരത്തിൽ അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരും.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാൻ നൽകിയിട്ടുള്ളവർക്ക് പിഴബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാൻ പ്രവർത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ പിഴനൽകേണ്ടതുമില്ല. പ്രവർത്തനയോഗ്യമല്ലാത്ത പാൻ കൈവശമുള്ളവർ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താൽ പഴയത് പ്രവർത്തനയോഗ്യമാകും.

Exit mobile version