‘വാക്കുകള്‍ മിതമായും സംയമനത്തോടെയും മാത്രമേ ഉപയോഗിക്കാവൂ’; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ. വാക്കുകള്‍ മിതമായും സംയമനത്തോടെയും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ജോയിന്റ് ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബലെ പറഞ്ഞത്. കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വെര്‍മ എന്നീ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഡല്‍ഹിയില്‍ കപില്‍ മിശ്രയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് കലാപം ഉണ്ടായത്.

ബിജെപി നേതാക്കളുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഭഗവാന്‍ ശ്രീരാമനെ വാക്കുകള്‍ സൂക്ഷിച്ചും മിതമായും ഉപയോഗിച്ചതിനാലാണ് മര്യാദ പുരുഷോത്തമന്‍ എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന അയോധ്യ പര്‍വ് രണ്ടാം ദിനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

‘ഭാഷയില്‍ മര്യാദ പാലിച്ചത് കൊണ്ടാണ് ശ്രീരാമനെ മര്യാദപുരുഷോത്തമന്‍ എന്ന് വിളിക്കുന്നത്. പൊതുജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വാക്കുകളുടെ മിത ഉപയോഗമാണ് ശ്രീരാമന്‍ നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. ഈ പാഠം ബിജെപി നേതാക്കളെയും അണികളെയും പഠിപ്പിക്കണം. മനസില്‍ തോന്നുതൊക്കെ യാതൊന്നും ചിന്തിക്കാതെ വിളിച്ചുപറയരുതെന്ന അദ്ദേഹത്തിന്റെ സന്ദേശം ഇപ്പോള്‍ പ്രസക്തമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ലോകം മുഴുവന്‍ രാമനെ ആരാധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാട്ടിലെ ഭക്തര്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version