ഡല്‍ഹിയില്‍ അക്രമകാരികള്‍ ജവാന്റെ വീടിന് തീവച്ച സംഭവം; വീട് പുനര്‍നിര്‍മിക്കാന്‍ ജവാന് സഹായവുമായി ബിഎസ്എഫ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ അക്രമികള്‍ കത്തിച്ച് ചാമ്പലാക്കിയ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ അനീസിന്റെ വീട് പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കി ബിഎസ്എഫ്. ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്റെ കുടുംബത്തിന് കൈമാറി.

എഞ്ചിനീയറിങ് സംഘം അനീസിന്റെ വീട്ടിലെത്തി നാശനഷ്ടം കണക്കാക്കുമെന്നും അടുത്തമാസം അനീസിന്റെ വിവാഹം നടക്കാനിരിക്കെ ഇത് അദ്ദേഹത്തിനുള്ള വിവാഹസമ്മാനമാണെന്നും ചെക്ക് കൈമാറി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്‌റി പറഞ്ഞു. കലാപത്തിനിടെ വീട് നശിപ്പിക്കപ്പെട്ട വിവരം അനീസ് ബിഎസ്എഫിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ പത്രവാര്‍ത്തകളിലൂടെ വിവരമറിഞ്ഞാണ് ബിഎസ്എഫ് അനീസിനെ സഹായിക്കാന്‍ തയ്യാറായത്.

ഡല്‍ഹി കലാപത്തിനിടെ ഖാസ് ഖജൂരിയിലെ അനീസിന്റെ വീട് അക്രമകാരികള്‍ തീവെച്ചുനശിപ്പിച്ചത്. അനീസിന്റേതുള്‍പ്പെടെ രണ്ട് വിവാഹം അടുത്ത രണ്ട് മാസങ്ങളിലായി നടക്കാനിരിക്കുന്ന വീടാണ് അക്രമികള്‍ തീവെച്ചത്. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും തീവെച്ചു. പിന്നീട് വീടിനുനേരെ കല്ലെറിഞ്ഞു.കല്ലേറിനു പിന്നാലെ ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞായിരുന്നു സംഘം തീയിട്ടത്. ഇവിടെ വാ പാകിസ്താനീ, ഞങ്ങള്‍ നിനക്ക് പൗരത്വം നല്‍കാം’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

2013ല്‍ ബിഎസ്എഫില്‍ സര്‍വീസില്‍ പ്രവേശിച്ചയാളാണ് അനീസ്. മൂന്നുവര്‍ഷമായി ജമ്മു കശ്മീരില്‍ ഡ്യൂട്ടി നോക്കുകയാണ് ഇദ്ദേഹം. അനീസിനു പുറമെ പിതാവ് മൊഹമ്മദ് മുനിസ് (55), അമ്മാവന്‍ മൊഹമ്മദ് അഹമ്മദ് (59) പതിനെട്ടുകാരിയായ ബന്ധു നേഹ പര്‍വീണ്‍ എന്നിവരാണ് അക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെല്ലാം ഇവിടെന്ന് നിന്ന് ജീവനുകൊണ്ട് രക്ഷപെടുകയായിരുന്നു. ഒടുവില്‍ ഡല്‍ഹിയിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന അര്‍ധ സൈനിക വിഭാഗമാണ് ഇവരുടെ സഹായത്തിനെത്തിയത്. ഏപ്രിലില്‍ നേഹയുടെയും അതിനു പിന്നാലെ അനീസിന്റെയും വിവാഹം നടക്കാനിരുന്ന വീടാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്.

Exit mobile version