ഗോലി മാരോ സാലോം കോ; ഡല്‍ഹി മെട്രോയില്‍ പ്രകോപന മുദ്രാവാക്യം വിളിയുമായി ഒരു സംഘം ആളുകള്‍; ഭീതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ച് വരുന്നതിന് ഇടയില്‍ വീണ്ടും പ്രകോപന മുദ്രാവാക്യവുമായി ഒരു കൂട്ടം ആളുകള്‍. ദേശദ്രോഹികളെ’ വെടിവയ്ക്കാനാന്‍ ആഹ്വാനം ചെയ്തായിരുന്നു മുദ്രാവാക്യം വിളി. ഡല്‍ഹി മെട്രോ സ്റ്റേഷനിലായിരുന്നു മുദ്രാവാക്യം വിളി.

രാജീവ് ചൗക്ക് സ്റ്റേഷനിലാണ് ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ള ടീ ഷര്‍ട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്. ദേശ് കെ ഗദ്ദാറോം കോ ഗോലി മാരോ സാലോംകോ എന്ന മുദ്രാവാക്യമായിരുന്നു ഇവര്‍ വിളിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ മെട്രോ അധികൃതര്‍ പോലീസിനു കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ യാത്രക്കാര്‍ ആണെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്. ഡല്‍ഹി മെട്രോയില്‍ എല്ലാ പ്രകടനങ്ങള്‍ക്കും വിലക്കുണ്ട്. ഇതു ലംഘിച്ചാണ് മുദ്രാവാക്യം വിളി ഉണ്ടായത്.

ഡല്‍ഹി കലാപത്തിനു കാരണമായതെന്ന് ആരോപണമുയര്‍ന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചത്. അതെസമയം ഡല്‍ഹി കലാപത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് 630 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 148 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version