കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. അടിയന്തര ധനസഹായമായി 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ഇപ്പോള്‍ നല്‍കുന്ന തുക ആദ്യ ഘട്ടത്തിലെ അടിയന്തിര സഹായം മാത്രമാണെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതിന് ശേഷം ബാക്കി തുക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വീടുകള്‍ ഭാഗികമായി നശിച്ചവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും,, ആവശ്യമെങ്കില്‍ താത്കാലികമായി ടെന്റുകള്‍ കെട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും കെജരിവാള്‍ വ്യക്തമാക്കി.

കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ തയാറാക്കുന്നതിന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version