സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തു; ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോട് 15 ദിവസത്തിനകം നാടുവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊല്‍ക്കത്ത: സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോട്
ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനുവരി എട്ടിന് പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അപ്സര അനിക മിമിന്‍ എന്ന ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോടാണ് നാടുവിടാന്‍ ആവശ്യപ്പെട്ടത്.

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബംഗ്ലാദേശിലെ കുഷ്തിയ സ്വദേശിയായ അപ്സര. സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചിരുന്നു.

നിലവില്‍ എസ് -4 (സ്റ്റുഡന്റ്) വിസയില്‍ ഇന്ത്യയില്‍ താമസിക്കുന്ന അപ്സര, വിസാ വ്യവസ്ഥകള്‍ ലംഘിക്കുന്ന ‘സര്‍ക്കാര്‍ വിരുദ്ധ’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി നോട്ടീസില്‍ പറയുന്നു. അപ്സരയോട് 15 ദിവസത്തിനകം രാജ്യം വിടാന്‍ ആവശ്യപ്പെടണമെന്നും നിര്‍ദേശമുണ്ട്. തുടര്‍ന്നാണ് നാടുവിടണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് അപ്‌സരക്ക് കത്ത് അയച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശ്വഭാരതിയുടെ കേന്ദ്ര ഓഫീസിന് മുന്നില്‍ അപ്‌സര പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാടുവിടണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് മറ്റ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അപ്സരയ്ക്ക് പങ്കില്ലെന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.

Exit mobile version