മഹാത്മാഗാന്ധിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്കൊപ്പമാണോ പോകേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണം; ദേശീയഗാനം ആലപിച്ച് കനയ്യ കുമാര്‍; ഏറ്റുപാടി പതിനായിരങ്ങള്‍; വൈറലായി വീഡിയോ

പട്‌ന: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പോരാട്ടവുമായി സിപിഐ നേതാവ് കനയ്യ കുമാര്‍. മഹാത്മാഗാന്ധിക്കൊപ്പമാണോ അദ്ദേഹത്തെ കൊന്ന ഗോഡ്‌സെക്കൊപ്പമാണോ പോകേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ട സമയമായെന്ന് കനയ്യ കുമാര്‍ പറഞ്ഞു. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഹാറിലെ പട്‌നയില്‍ ഗാന്ധി മൈതാനില്‍ ‘ജന ഗണ മന റാലി’ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. മേധാ പട്ക്കര്‍, കണ്ണന്‍ ഗോപിനാഥ്, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തപരിപാടിയില്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്.

താന്‍ ഒരു നേതാവാകാനല്ല ജാഥ നടത്തിയത്. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണെന്നും ഗോഡ്‌സെയുടെ അനുയായികളില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താന്‍ ഭഗത് സിങിന്റെ ധൈര്യവും അംബേദ്കറിന്റെ സമത്വ ചിന്തയും മഹാത്മാ ഗാന്ധി മുന്നോട്ടുവച്ച ഏകതയും ആവശ്യമാണെന്ന് കനയ്യ കുമാര്‍ പറഞ്ഞു. പരിപാടിയില്‍ കനയ്യ കുമാര്‍ ആലപിച്ച ദേശീയ ഗാനം പതിനായിരങ്ങള്‍ ഏറ്റുപാടി.

Exit mobile version